ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
ഭൂതങ്ങള്‍ കെട്ടിയെന്ന് ഐതീഹ്യമുള്ള ഭൂതത്താന്‍കെട്ടിലെ പാറക്കൂട്ടങ്ങള്‍, അതിന് സമീപമായി തുണ്ടം ഫോറസ്റ്റ് പ്ളാന്റേഷനിലെ ക്ഷേത്രാവശിഷ്ടങ്ങള്‍, വടാട്ടുപാറയിലെ ക്ഷേത്രവും, ക്ഷേത്രക്കുളവും, കിണറും, ക്ണാച്ചേരി ക്ഷേത്രക്കിണര്‍, കുട്ടമ്പുഴയിലെ ഇല്ലിത്തണ്ടിലും കുട്ടമ്പുഴ പ്ലാന്റേഷനിലും ഇഞ്ചത്തൊട്ടിയിലും പൂയംകുട്ടി വനത്തിലെ കരിയിലത്തണ്ട് തുടങ്ങിയ പ്രദേശങ്ങളിലും കാണുന്ന മുനിയറകള്‍, വടാട്ടുപാറ, ഉരുളല്തണ്ണി, കുട്ടമ്പുഴ എന്നീ പ്രദേശങ്ങളില്‍ കണ്ടിരുന്നതും സമീപവനപ്രദേശങ്ങളില്‍ ഇപ്പോഴും കാണുന്നതുമായ ചെങ്കല്ലും, കരിങ്കല്ലും കൊണ്ടുനിര്‍മ്മിച്ച കയ്യാലകള്‍, വലിയ മണ്‍ഭരണികള്‍ എന്നിവ പരിശോധിച്ചാല്‍ ഈ പഞ്ചായത്ത് പ്രദേശത്ത് പുരാതനകാലത്ത് വികസിച്ച ഒരു ജനസമൂഹം നിലനിന്നിരുന്നതായി മനസ്സിലാക്കാം. തൃക്കാരിയൂര്‍ ക്ഷേത്രവും, പൊയ്ക, കാച്ചേരി ക്ഷേത്രവും പരിശോധിച്ചാല്‍ അതിലെ നിര്‍മ്മാണരീതി തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് പുരാതനകാലത്തെ ഭരണകേന്ദ്രമായിരുന്ന തൃക്കാരിയൂരും ഈ പ്രദേശവും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
1800-കളില്‍ മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടെ ആരംഭത്തോടുകൂടിയാണ് ഇവിടേക്കുള്ള മനുഷ്യന്റെ രണ്ടാം പ്രവേശം. ആലുവയില്‍നിന്നുംകോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, കുഞ്ചിയാര്‍, പെരുമ്പന്‍കുത്ത്, നല്ലതണ്ണി വഴി മൂന്നാറിലേക്കുള്ള ആദ്യ രാജപാത നിര്‍മ്മിച്ചത് പൂഞ്ഞാര്‍ മഹാരാജാവിന്റെ കാലത്ത് ജോണ്‍ മണ്‍റോ എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ മേല്‍നോട്ടത്തിലാണെന്നു പറയപ്പെടുന്നു. 66 അടി വീതിയുണ്ടായിരുന്ന രാജപാതയോരത്ത് ഓരോ 5 മൈല്‍ ചെല്ലുമ്പോഴും വഴിയോരവിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ബംഗ്ലാവിന്‍കുന്ന്, സത്രപ്പടി, ബംഗ്ലാവിന്‍കയം തുടങ്ങിയ സ്ഥലനാമങ്ങള്‍ പഴയകാലത്തെ വഴിയോര വിശ്രമകേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. കണ്ണന്‍ദേവന്‍ തോട്ടങ്ങള്‍ ആരംഭിച്ച കാലഘട്ടത്തില്‍ തന്നെ ആയിരിക്കണം പിണ്ടിമേട്ടില്‍ ജലശക്തിയുപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി സ്ഥാപിച്ചത്. അതിന്റെ കെട്ടിടാവശിഷ്ടങ്ങളും മറ്റും ഇപ്പോഴും കാണുന്നുണ്ട്. ആലുവ-മൂന്നാര്‍ റോഡ് ഹൈറേഞ്ചിലെ തോട്ടങ്ങളിലേക്കുള്ള ബ്രിട്ടീഷുകാരുടെ പ്രധാന ഗതാഗതമാര്‍ഗ്ഗവുമായിരുന്നു. മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് തേയിലയും, മൂന്നാറിലേക്ക് മറ്റു സാധനങ്ങളും കൊണ്ടുപോകുന്നതിന്, ഈ പാത ഉപയോഗിച്ചുകൊണ്ടിരുന്നു എന്നാല്‍ കൊല്ലവര്‍ഷം 1099-ലെ വെള്ളപ്പൊക്കത്തില്‍പെട്ട് ഈ രാജപാതയുടെ പലഭാഗങ്ങളും തകര്‍ന്ന് പോയി.
പുരാതനകാലം മുതല്‍ ഈ പ്രദേശത്ത് നിന്ന് ഈറ്റ ശേഖരിക്കുന്നതിനായി അങ്കമാലി, കാലടി എന്നിവിടങ്ങളില്‍ നിന്നും ജനങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്. കൂടാതെ വനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത മരങ്ങള്‍ മുറിച്ച് പുഴകള്‍വഴി ആലുവായിലും അവിടെ നിന്നും തിരുവനന്തപുരം മുതലായ സ്ഥലങ്ങളിലും എത്തിച്ചിരുന്നതായി പറയപ്പെടുന്നു. അതിപുരാതന കാലം മുതല്‍ ഇവിട മുതുവാന്‍ മലയന്‍ വിഭാഗത്തിലെ ആദിവാസികള്‍ പാര്‍ത്തിരുന്നു. മുതുവാന്‍ വിഭാഗത്തിലെ ആചാരാനുഷ്ഠാനങ്ങളും ഭാഷയും അവരുടെ തമിഴ് ബന്ധം കാണിക്കുന്നു. ഇവര്‍ പുരാതനകാലത്ത് തമിഴ്നാട്ടില്‍ നിന്ന് കുടിയേറിയവരാണെന്ന് കണക്കാക്കാം. മലയന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളും തൃശൂര്‍ ജില്ലയിലെ ആദിവാസികളും ആയിട്ടുള്ള ബന്ധം അവര്‍ തൃശൂര്‍ ജില്ലയില്‍ നിന്നും കുടിയേറിയവരാണെന്ന് അനുമാനിക്കാം. ഇവരുടെ സാംസ്കാരിക തനിമ മാറ്റം കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് ഈ പ്രദേശത്ത് മനുഷ്യരുടെ സജീവസാന്നിദ്ധ്യം വീണ്ടും ഉണ്ടാകുന്നത്. ഞായപ്പിള്ളി, കുട്ടമ്പുഴ, പൂയംകുട്ടി, ക്ണാച്ചേരി, ഉരുളന്‍തണ്ണി, ഇഞ്ചതൊട്ടി, മാമലക്കണ്ടം പ്രദേശങ്ങളില്‍ ഗ്രോമോര്‍ഫുഡ് പദ്ധതിപ്രകാരം കൃഷി ആരംഭിക്കുകയും തുടര്‍ന്ന് സ്ഥിരതാമസവും ആരംഭിച്ചു.
1956 കാലത്ത് കുറ്റ്യാംചാലില്‍ പുതുതായ കാട് വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു. കുടിയിറക്കിനെതിരായി കൃഷിക്കാര്‍ കര്‍ഷകസംഘം രൂപീകരിച്ച് സമരം ആരംഭിച്ചു. 1967-ല്‍ ഇടുക്കി പദ്ധതിയില്‍ നിന്നും കുടിയിറക്കിയ കൃഷിക്കാരെ ഇഞ്ചത്തൊട്ടി 1-ാം ബ്ലോക്കില്‍ കുടിയിരുത്തി. 1969-70-ല്‍ വടാട്ടുപാറയില്‍ കൂപ്പുവെട്ടിയ സ്ഥലത്ത് കൃഷിക്കാര്‍ കയ്യേറി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി ഇവ കൈവശപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.ജോസഫ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1970-ല്‍ അച്ചുതമേനോന്‍ ഗവണ്‍മെന്റ് വടാട്ടുപാറയില്‍ 1000 ഏക്കര്‍ എന്ന സ്ഥലത്ത് പുതുതായി പട്ടയം നല്‍കി ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം സത്രപ്പടിയിലെ ഗവ.എല്‍.പി.എസ് ആണ്. ക്രൈസ്തവര്‍, ഹിന്ദുക്കള്‍, മുസ്ളീംങ്ങള്‍ തുടങ്ങിയ വിവിധമതസ്ഥര്‍ പരസ്പരം കൈകോര്‍ത്ത് മതസഹിഷ്ണതയോടെ ജീവിച്ചുപോരുന്നു. വിവിധ നാമധേയങ്ങളില്‍ സ്ഥാപിതമായിട്ടുള്ള ക്രൈസ്തവദേവാലയങ്ങളില്‍ ആണ്ടുതോറും തിരുന്നാളാഘോഷങ്ങള്‍ നടത്താറുണ്ട്. ഇതില്‍ കുറ്റ്യംചാല്‍ (നാഗപ്പുഴ മാതാവിന്റെ) നാമധേയത്തിലുള്ള പള്ളിയില്‍ സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ തീയതികളില്‍ നടക്കുന്ന എട്ടുനോമ്പാചരണവും പെരുന്നാളും, പ്രദക്ഷിണവും ധാരാളം ആളുകളെ ആകര്‍ഷിക്കുന്നു. പെരിയാറിന്റെ തീരത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന തട്ടേക്കാട് ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവും അതോടനുബന്ധിച്ച് സത്രപടി മുതല്‍ തട്ടേക്കാട് വരെ നടത്തപ്പെടുന്ന ഗജവീരന്‍മാരുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയില്‍ വളരെയധികം ആളുകള്‍ പങ്കെടുക്കുന്നതും ജനശ്രദ്ധയാകര്‍ഷിക്കുന്നു.