ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിന്റെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ബഡ്ജറ്റ് റിപ്പോര്‍ട്ട്‌

 

പ്രിയപ്പെട്ടവരെ,

      കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി ഗ്രാമസഭയുടെ നിർദ്ദേശങ്ങളും, ആവശ്യങ്ങളും ഉൾപ്പെടുത്തി പുരോഗമന പഞ്ചായത്ത് വികസനപദ്ധതികൾ തയ്യാറാക്കി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2026-27 വാര്‍ഷിക ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

    മുന്‍വര്‍ഷ ബജറ്റുകളിലെപോലെ സാമൂഹ്യസുരക്ഷാ, വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം, ക്ഷീരവികസനം, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം, വൃദ്ധരുടേയും വികലാംഗരുടേയും ക്ഷേമം, യുവജനക്ഷേമം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം, കുടിവെള്ള സൗകര്യം, എല്ലാവർക്കും വീട്, ടൂറിസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഈ മേഖലയിലെല്ലാം തന്നെ മികച്ച വിജയം നേടുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും ഏറെക്കുറെ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

       ലൈഫ് ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് വീട് എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചു കൊടുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങള്‍ കൃത്യതയോടും സുതാര്യമായും നടത്തിവരുന്നു. പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ഗുണകരമായ ഹരിത കർമ്മസേനയുടെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ട്. ശുചിത്വ പദ്ധതികളുടേയും, ജലാശയങ്ങളുടേയും തോടുകളുടേയും സംരക്ഷണം തുടങ്ങിയ പദ്ധതികളും നടന്നുകൊണ്ടിരിക്കുകയാണ്. 

      ആരോഗ്യ മേഖലയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിവരുന്നു. പാലിയേറ്റീവ് രോഗികള്‍ക്ക് വീല്‍ചെയര്‍, വാക്കര്‍, കിടക്കകള്‍ എന്നിവ നല്‍കുന്നുണ്ട്. കൂടാതെ ഡയാലിസിസ് രോഗികള്‍ക്ക് ആയതിനുവേണ്ടിയുള്ള ധനസഹായവും, വൈറ്റമിന്‍ ഇഞ്ചക്ഷനും നല്‍കിവരുന്നു. അതിദാരിദ്ര്യരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗികള്‍ ആയവര്‍ക്ക് സൗജന്യമായി മരുന്നുകളുടെ വിതരണം നടത്തിവരുന്നു. കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഉപകേന്ദ്രങ്ങളില്‍ ആഴ്ചയില്‍ നാല് ദിവസം വീതം ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ആംബുലന്‍സുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ സേവനം നടത്തുന്നുണ്ട്. കൂടാതെ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി 108 ആംബുലന്‍സ് 24 മണിക്കൂര്‍ സര്‍വ്വീസ് സേവനം നല്‍കിവരുന്നു.

       കാർഷിക മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിൽ കാർഷിക പദ്ധതികൾ വഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറികളുടെ ഉൽപാദനം തുടങ്ങുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. പച്ചക്കറി തൈകളുടേയും ഫലവൃക്ഷ തൈകളുടെയും വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അർഹതയുള്ള കർഷകർക്കായി ആവശ്യമുള്ള വളങ്ങളുടെ വിതരണവും നടത്തിവരുന്നുണ്ട്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് ഫെന്‍സിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് ആനുകൂല്യം നല്‍കിവരുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാനവരുമാന മാർഗമായ ക്ഷീരവികസനമേഖലയിലും മൃഗസംരക്ഷണ മേഖലയിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് പശു, ആട്, കോഴി, പോത്തുകുട്ടി തുടങ്ങിയവ വിതരണം ചെയ്യുന്നു. കൃഷി മേഖലയിൽ പുരയിട കൃഷി വികസനം, പച്ചക്കറിതൈ, ചട്ടി വിതരണം എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കിവരുന്നു. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയും, കാലിത്തീറ്റയും, ധാതുലവണങ്ങളും നല്‍കിവരുന്നു.

        പട്ടികജാതി/പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും, പൂർത്തീകരണത്തിലും പഞ്ചായത്ത് മുൻപന്തിയിൽ തന്നെ നിലകൊള്ളുന്നു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് ലൈഫ് ഭവന പദ്ധതിക്ക് മുന്‍‌തൂക്കം നല്‍കിയും, പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് കുട്ടികള്‍ക്ക് ലാപ്പ്‌ടോപ്പ്, സ്കോളർഷിപ്പ് എന്നിവ നൽകിവരുന്നു.

         എറണാകുളം ജില്ലയിലെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ വില്ലേജ് ആയി അറിയപ്പെടുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളും, പഞ്ചായത്ത് സ്കൂളുകളും, അംഗണവാടികളും ഗ്രേഡിംഗ് പൂര്‍ത്തീകരിച്ച് ഹരിതസ്ഥാപനങ്ങളാക്കി മാറ്റുവാന്‍ സാധിച്ചിട്ടുണ്ട്. തുടര്‍ പ്രവൃത്തിയായ MCF കെട്ടിടനിര്‍മ്മാണം 2026-27 ല്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. കൂടാതെ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫ്. കള്‍,  ബോട്ടില്‍ ബൂത്തുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

   ടൂറിസം മേഖലയുടെ വികസനത്തിനും ഉന്നമനത്തിനുമായി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കും. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ തട്ടേക്കാട്‌, വടാട്ടുപാറ, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി, ആനക്കയം തുടങ്ങിയ മേഖലകളില്‍ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് എം.പി., എം.എല്‍.എ. ഫണ്ടുകളുടെ പിന്തുണയോടെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ്.

     എല്ലാ വാർഡുകളിലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് പൂർണ്ണമായ തൊഴിൽദിനം നൽകി വരുന്നു. അതോടൊപ്പം കിണർ, ആട്ടിൻകൂട്, തൊഴുത്ത്, കോഴിക്കൂട് മുതലായ വ്യക്തിഗത ആനുകൂല്യങ്ങളും (MGNREGS) പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തുവരുന്നു.

     വൃദ്ധർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഈ വാർഷിക ബജറ്റിൽ മികവുറ്റ പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർക്കായി കട്ടിൽ എന്ന പദ്ധതി നടത്തി വരുന്നു. ടി പദ്ധതി തുടർന്നും നടപ്പാക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

     ഓഫീസ് പ്രവർത്തനങ്ങൾക്കും അനിവാര്യ ചുമതലകൾക്കും ആവശ്യമായ ഫണ്ട് മാറ്റിവെയ്ക്കുന്നതിനോടൊപ്പം മാറി വരുന്ന സാഹചര്യത്തിൽ ശുചിത്വത്തിന്റെയും കുടിവെള്ള ലഭ്യതയുടെയും മേഖലയിൽ പഞ്ചായത്ത് ഏറ്റെടുക്കേണ്ടതായി വരുന്ന പുതിയ ഉത്തരവാദിത്വങ്ങൾക്ക് ബഡ്‌ജറ്റിൽ ഫണ്ട് വകയിരുത്തിയിരിക്കുന്നു. ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങളായ ഭവനം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നത് അടിയന്തര പ്രാധാന്യത്തോടെ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നു. പൈപ്പ് ലൈൻ എക്‌സറ്റൻഷനിലൂടെയും ടാങ്കർ വഴിയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം നല്‍കി വരുന്നു. ആസ്‌തികളുടെ പുനരുദ്ധാരണവും പുതിയ റോഡുകളുടെ നിർമ്മാണവും തെരുവ് വിളക്കുകളുടെ മെയിന്റനൻസും ഏറ്റെടുക്കുവാൻ ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

     ആദിവാസി തനത് കലാരൂപങ്ങളായ കുമ്മിയടി, കെന്നഞ്ചികുത്ത്, മന്നാൻകൂത്ത്, വേടൻകളി, കുഞ്ചിവണ്ട് എന്നിവ നിലനിർത്താനും പുതുതലമുറകൾക്ക് പകർന്നുനൽകാനും ഊരാട്ടം എന്ന പരിപാടി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി ഏറ്റെടുത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ണാഭമായി സംഘടിപ്പിക്കുന്നു. യുവതലമുറയുടെ നിർദേശ പ്രകാരം പിണവൂർകുടി, കുട്ടമ്പുഴ, വടാട്ടുപാറ, ഉരുളൻതണ്ണി, കൂവപ്പാറ എന്നിവിടങ്ങളിൽ കളിസ്ഥലം നിർമ്മാണം നടന്നുവരുന്നു. വനിതകളുടെ ഉന്നമനത്തിനായി സ്വയംതൊഴിൽ പദ്ധതികൾക്ക് സബ്സിഡി നൽകി വരുന്നു.

     മുൻ വർഷങ്ങളിലെ പദ്ധതി നിർവ്വഹണത്തിലെ മികവുകൾ നിലനിർത്തി കൂടുതൽ മികവുറ്റ പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയും ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും പൂരോഗതിക്കും വേണ്ടി കൂടുതൽ കരുത്തോടെ നമുക്ക് ഒരു മനസ്സോടെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം.

  • ബജറ്റ് 2026-27