This website is under construction. Its content is incomplete.
മഴക്കാല പൂര്‍വ്വ ശുചീകരണം

May 29, 2026

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇടവപ്പാതിക്ക് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലും വിപുലമായ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ജനപങ്കാളിത്തത്തോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് പഞ്ചായത്തിലുടനീളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. 2026 മെയ് 15-ാം തീയതി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൌണ്‍ വാര്‍ഡില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി കുര്യാക്കോസ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, അതിനായി പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.

 

വാര്‍ഡുതല പ്രവര്‍ത്തനങ്ങളും നേതൃത്വവും

പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ഒരേസമയം ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെ പറയുന്ന വിഭാഗങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ നേതൃത്വം നല്‍കി.

 

  • വാര്‍ഡ് മെമ്പര്‍മാര്‍        : അതത് വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജനങ്ങളെ സജ്ജരാക്കുകയും ചെയ്തു.

  • ആരോഗ്യ പ്രവര്‍ത്തകര്‍ & ആശാ പ്രവര്‍ത്തകര്‍ : വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ (Dry Day ആചരണം) എന്നിവയ്ക്ക് നേതൃത്വം നല്‍കി.

  • ഹരിതകര്‍മ്മ സേനാംഗങ്ങള്‍ : അജൈവ മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗ യോഗ്യമായവ വേര്‍തിരിക്കലും കൃത്യമായി നിര്‍വ്വഹിച്ചു.

  • സന്നദ്ധ പ്രവര്‍ത്തകര്‍ : ക്ലബ്ബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ സജീവമായി പങ്കാളികളായി.

 

പ്രധാന പ്രവര്‍ത്തനങ്ങളും കണ്ടെത്തലുകളും

  1. ഗ്രാമപഞ്ചായത്തിലെ ഇടമലയാര്‍, കല്ലേലിമേട്, മണികണ്ഠൻചാല്‍, താലിപ്പാറ, മാമലക്കണ്ടം, പിണവൂര്‍ക്കുടി എന്നീ 6 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന 15 പട്ടികവര്‍ഗ്ഗ ഉന്നതികളിലും പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണത്തോടൊപ്പം ഈ മേഖലകളില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങളും ഉറപ്പാക്കി.

 

  • മെഡിക്കല്‍ ക്യാമ്പുകള്‍ : എല്ലാ ഉന്നതികളിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

  • ബോധവല്‍ക്കരണം : പകര്‍ച്ചവ്യാധികള്‍ക്ക് എതിരെയുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.

     

  1. ഉറവിട നശീകരണവും പൊതുജന നിര്‍ദ്ദേശങ്ങളും കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിനായി വിപുലമായ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി.

     

  • വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കൽ നിര്‍ബന്ധമായും 'ഡ്രൈ ഡേ' ആചരിക്കുക.

  • പറമ്പുകളിലും ടെറസുകളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക.

  • ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മറ്റ് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുക.

 

  1. കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം മലിനജന്യ രോഗങ്ങള്‍ പടരുന്നത് തടയാന്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പൊതു-സ്വകാര്യ കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ പ്രവര്‍ത്തനങ്ങള്‍ നടത്തി.

 

  1. വഴിയോര ശുചീകരണവും പ്രതിരോധ മരുന്ന് വിതരണവും

 

  • വഴിയോരങ്ങളിലെ കാടുകള്‍ വെട്ടിത്തെളിച്ച് യാത്രാസൗകര്യവും ശുചിത്വവും ഉറപ്പാക്കി.

  • എലിപ്പനി (Leptospirosis) പ്രതിരോധത്തിന്റെ ഭാഗമായി, ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം ശുചീകരണ തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമായി ഡോക്സിസൈക്ലിൻ (Doxycycline) ഗുളികകള്‍ വിതരണം ചെയ്തു.

 

നിയമനടപടികള്‍

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുന്നതാണ്.

മഴക്കാല പൂര്‍വ്വ ശുചീകരണം